കവളപ്പാറ: പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്ന്, തുടിമുട്ടി എന്നീ പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിന്റെ കണ്ടെത്തല്‍.
ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച പോത്തുകല്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് മേധാവി ഡോ വി നന്ദകുമാര്‍ ഇത് വ്യക്തമാക്കിയത്.
അതിശക്തമായ മഴയുണ്ടായാല്‍ ഈ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇവര്‍ പറയുന്നു. മുത്തപ്പന് കുന്നിന്റെ മറുഭാഗത്തുണ്ടായിരിക്കുന്ന വിള്ളല്‍ ഗൗരവമായിട്ടെടുക്കേണ്ടതാണ്. മലയിടിച്ചിലും, അമിതമായി വെള്ളം ഇറങ്ങി മലകളില്‍ പൊട്ടലുണ്ടാവുന്നതും ഉരുള്‍പൊട്ടല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.
36 പേരുടെ മൃതദേഹമാണ് കവളപ്പാറയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇനി 23 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കണക്ക്. മണ്ണിനടിയില്‍ നിരീക്ഷണം നടത്താന്‍ സാധിക്കുന്ന റഡാറിന്റെ സഹായത്തോടെയാണ് തിരച്ചില്‍. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.