ആസിഫ് അലിക്ക് കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. ആ വിഷയം ആസിഫ് കൈകാര്യം ചെയ്ത രീതിയില്‍ അഭിമാനമുണ്ടെന്ന് നടി അമല പോള്‍. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ആളാണ് അദ്ദേഹമെന്നും അമല പറഞ്ഞു. പുതിയ സിനിമയായ ലെവല്‍ ക്രോസിന്റെ പ്രമോഷന്റെ ഭാഗമായി സെയിന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടന്ന പരിപാടിയിലായിരുന്നു നടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്ലര് ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്. ചടങ്ങില്‍ പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകന് ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.
രമേശ് നാരായണ്‍ന്റെ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമ്മയടക്കം ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്തുവന്നു. സംഭവത്തില്‍ രമേശ് നാരായണിനോട് ഫെഫ്ക വിശദീകരണം തേടി. മ്യൂസിക് യൂണിയന് ജനറല്‍ സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി. സംഭവം വിവാദമായതോടെ മാപ്പുമായി രമേശ് തന്നെ രംഗത്തെത്തിയിരുന്നു. രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.