മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. കസ്റ്റംസും എന്‍ഐഎ യും ഇതിന്റെ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് നല്കി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഗൂഢാലോചനയില്‍ പങ്കുസംമ്പന്ധിച്ചാണ് പ്രധാനമായ അന്വേഷണം. ഇതിന്റെ ഭാഗമായി ശേഖരിച്ച കൂടുതല്‍ തെളിവുകളിലെ ക്രോസ് ചെക്കിംഗാണ് പ്രധാനമായും നടക്കുക. സ്വര്‍ണ്ണ കടത്ത് സംഘവുമായുള്ള ജാഗ്രതയില്ലാത്ത അടുപ്പവും നിര്‍ണ്ണായക ഇടപെടലുകളും ബോധ്യമായ മുഖ്യമന്ത്രി അറസ്റ്റടക്കം കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനുമുമ്പേ ഇന്നലെ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായുള്ള എന്‍ഐഎ, കസ്റ്റംസ് റെയ്ഡുകള്‍ സംസ്ഥാനത്ത് തുടരുകയാണ്. ആദ്യഘട്ട മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കിയത്. ശിവശങ്കറിന്റെ ഹെയ്തര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്.