‘ ഗോ കൊറോണ ഗോ’എന്ന ആനിമേഷന്‍ വീഡിയോ വൈറലാവുന്നു. കോവിഡ് വ്യാപനം തടയാനായി മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ ബോധവല്‍ക്കരണ വീഡിയോയാണ് ഗോ കോറോണ ഗോ. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒരുക്കിയ ഈ അനിമേഷന്‍ കേരളാ പോലീസടക്കം നിരവധി സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളാണ് പങ്ക് വച്ചത്.
മലപ്പുറം കൊണ്ടോട്ടി ഭാഗത്ത് ഉപയോഗിക്കുന്ന പ്രാദേശിക സംസാര രീതിയിലാണ് ഇതിലെ സംഭാഷണം നര്‍മ്മത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്നത്. പൊതു ഗതാഗത രംഗത്തും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും , മാസ്ക് ഉപയോഗിക്കേണ്ടുന്നതിന്റെയും സോഷ്യല്‍ ഡിസ്റ്റന്സിംഗിന്റെ പ്രാധാന്യം വിവരിക്കുന്ന അനിമേഷനില്‍ ക്വാറന്റായനില് കഴിയുന്നവര്‍ പാലിക്കേണ്ടുന്ന കാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്നു.
ലോക് ഡൗണില്‍ ഇളവ് നല്കുമ്പോള് പാലിക്കേണ്ട മുന്നറിയിപ്പുകളുമായി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ ‘വേണം ജാഗ്രത’ എന്ന ശ്രദ്ധേയമായ വീഡിയോ ആല്‍ബം സംവിധനം ചെയ്ത മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ശ്രീ ദിലീപ് കുമാര്‍ തന്നെയാണ് ‘ഗോ കൊറോണ ഗോ’ എന്ന അനിമേഷന്റെയും രചന നിര്‍വ്വഹിച്ചത്. ദ്രവ്യ കണ്‍സപ്റ്റിന് വേണ്ടി ഡോ. നിസാര്‍ മുഹമ്മദാണ് അനിമേഷന്‍ നിര്‍വ്വഹിച്ച അനിമേഷന്‍ ശബ്ദം നല്‍കിയത് നര്‍മ്മ വീഡിയോകളിലൂടെ ശ്രദ്ധേയനായ പാണാളി ജുനൈസാണ്.
വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ പെട്ടെന്ന്ജ നങ്ങളിലേക്കെത്തി ക്കുന്നതിന് ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച മീഡിയ സെല്ലിന് വേണ്ടി ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിച്ചതാണ് ‘ഗോ കൊറോണ ഗോ. സാരഥി, വാഹന്‍ ,ഇ-ചല്ലാന്‍ എന്നീ സോഫ്റ്റവെയറുകളിലേക്ക് മാറുന്നതോടുകൂടി മോട്ടോര്‍ വാഹന വകുപ്പിന്റ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മാറ്റങ്ങള്‍ വരികയാണ്.
ഈ മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഡിപ്പാര്‍ട്ട്മെന്റ് സംബന്ധമായ അറിയിപ്പുകളും, ബോധവല്‍ക്കരണ വീഡിയോകളും മറ്റും പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനും വേണ്ടിയാണ് മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത് എന്ന് മീഡിയ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നജീബ്. കെ.എം. പറഞ്ഞു. @mvdkerala എന്ന ഹാഷ് ടാഗില്‍ ഫേസ് ബുക്ക്, യൂടൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പുകള് ലഭ്യമാണ്