തൃശൂർ: വിവാദമായ ലളിതകലാ അക്കാദമി പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി ഭരണസമിതി. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണിന് പുരസ്കാരം നൽകിയത് പുനഃപരിശോധിക്കാൻ സർക്കാർ ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സില്‍ യോഗവും തീരുമാനിക്കുകയായിരുന്നു.
ജൂറിയുടെ തീരുമാനത്തിനൊപ്പമാണ് അക്കാദമിയെന്ന് ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണയം അതിനു ചുമതലപ്പെടുത്തിയ സമിതിയുടെ സ്വതന്ത്ര തീരുമാനമായിരുന്നു. ജൂറിയുടെ തീരുമാനം അതുപോലെ അംഗീകരിക്കുന്നതാണ് അക്കാദമിയുടെ കീഴ്വഴക്കം. അതു തുടര്‍ന്നു. മൂന്നു മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അവാര്‍ഡ് നിര്‍ണയത്തിനു ചുമതലപ്പെടുത്തിയത്. അവര്‍ക്ക് എല്ലാ കാര്‍ട്ടൂണുകളും നല്കി. ആരെ അവാര്‍ഡിനു തിരഞ്ഞെടുക്കണമെന്ന് അവരാണ് തീരുമാനിച്ചതെന്നും നേമം പുഷ്പരാജ് പറഞ്ഞു. ഹാസ്യകൈരളി മാസികയിൽ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു സുഭാഷ് കല്ലൂർ വരച്ച കാർട്ടൂണിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. പുരസ്കാരം പുന:പരിശോധിക്കുമെന്ന് ചെയര്മാന് നേമം പുഷ്പരാജ് നേരത്തെ നിലപാട് എടുത്തിരുന്നു.