കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പ്രകാരമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എന്നാല്‍ ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞില്ല. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്.