കൊച്ചി: പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി പൊലീസുകാരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ അവസാനിക്കും വരെ അതിൽ തടസമുണ്ടാകാൻ പാടില്ല.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാൽ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹർജി നൽകാം. കുറ്റക്കാർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മിഷൻ അറിയിച്ചു.