കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിക്ക് പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങി. കൊല്ലം ചടയമംഗലത്ത് നിന്നും യാത്ര പോയവരാണ് മൂഴിയാര്‍ വനത്തില്‍ കുടുങ്ങിയത്. സംഭവം വിവാദമായതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ മൂഴിയാറില്‍ എത്തിച്ചു.
ഇന്ന് പുലര്‍ച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് പതിനൊന്നരയോടെ മൂഴിയാറിലെ വനമേഖലയില്‍ തകരാറിലായത്. പത്തനംതിട്ട ഡിപ്പോയില്‍ പലതവണ വിളിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കനത്ത മൂടല്‍മഞ്ഞും മഴയും ആശങ്ക വര്‍ധിപ്പിച്ചു. യാത്രക്കാരെ തിരികെയെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് കെ എസ് ആര് ടി സി അധികൃതര്‍ വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കുമളിയില്‍ നിന്ന് വന്ന ട്രിപ്പ് ബസ്സില്‍ യാത്രക്കാരെ മൂഴിയാറില്‍ എത്തിച്ചത്. 38 യാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും കെഎസ്ആര്‍ടിസി ലഭ്യമാക്കിയിട്ടുണ്ട്. ഇവരെ തിരികെ ചടയമംഗലത്ത് എത്തിക്കാനാണ് ആലോചന. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതി ലഭിച്ചശേഷം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക.