വഖഫ് ഹര്‍ജികളിലെ സുപ്രീംകോടതി നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎമ്മും മുസ്ലീം ലീഗും. ആശ്വാസകരമായ നടപടിയെന്നും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കനുകൂലമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാനാണ് കോടതി തീരുമാനിച്ചിട്ടുള്ളതെന്നും വിശദമായ വാദം നടത്താന്‍ തന്നെയാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല വിധി കേന്ദ്ര സര്‍ക്കാരിന്റെ തോന്നിവാസത്തിനെതിരായ ഫലപ്രദമായ പ്രതിരോധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി നടപടി പ്രത്യാശ നല്‍കുന്നതെന്നും കോടതിയുടെ നിര്‍ദേശങ്ങളില്‍ പോസിറ്റീവ് ആയ പലതും ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും പല കാര്യങ്ങളും അഭിലഷണീയമല്ലെന്നുമാണ് മനസിലാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയ പരാതികള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായി. ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന നിരീക്ഷണം കോടതി നടത്തി. അവസാന ഉത്തരവ് വരെ കാത്തിരിക്കാം – പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ കോടതി വളരെ ഗൗരവത്തില്‍ എടുത്തുവെന്ന് തന്നെയാണ് മനസിലാകുന്നതെന്നും കേന്ദ്രത്തിന്റെ വാദഗതികള്‍ ഒറ്റയടിക്ക് അംഗീകരിക്കാന്‍ കോടതി തയാറായിട്ടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. നടപടി ആശ്വാസകരമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി നടപടി ആശ്വാസകരമെന്നും കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയെന്നും ഹാരിസ് ബീരാന് എം പി പറഞ്ഞു. സുപ്രീംകോടതിയുടെ ഒരു ചോദ്യത്തിനും കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹര്‍ജികളില്‍ കേന്ദ്രത്തിന് സമയപരിധി അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. വഖഫ് സ്വത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് കേന്ദ്രം ഉറപ്പ് നല്കി. വഖഫ് ബോര്‍ഡുകളിലേക്ക് നിയമനം നടത്തില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഉറപ്പ് നല്കി. കേന്ദ്രസര്‍ക്കാര്‍ സമയം തേടിയിരുന്നു. രേഖാമൂലം മറുപടി നല്കാന് കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.