പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമവാഴ്ചയെ അട്ടിമറിക്കുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പൊലീസിന് നേരെ അക്രമം അഴിച്ചു വിട്ട എംഎൽഎക്ക് എതിരെ കേസ് ഇല്ല. പൊലീസ് സ്റ്റേഷൻ ഉപരോധത്തിലും കേസില്ല.
എല്ലാം പൊലീസ് ഒത്താശയോടെയാണോ എന്ന് സംശയിക്കണം. പാലക്കാട് എംഎൽഎയെ വെല്ലുവിളിക്കുന്നു. കാല് വെട്ടും എന്ന പ്രസ്താവന കാണിച്ചു തന്നാൽ മാപ്പ് പറയാൻ തയ്യാർ. ആരും അങ്ങനെ പറഞ്ഞിട്ടില്ല.
എംഎൽഎയുടേത് സിമ്പതി പിടിച്ചു പറ്റാനുള്ള മൂന്നാംകിട രാഷ്ട്രീയം. രാഹുൽ ആടിനെ പട്ടിയാക്കുന്നു, പട്ടിയെ പേപ്പട്ടിയാക്കുന്നു. എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ബിജെപിയുടെ കൊലവിളി മുദ്രാവാക്യം കേട്ടില്ല. ഉണ്ടെങ്കിൽ തിരുത്തും. പാലക്കാട് സമാധാനം തകർത്തത് കോൺഗ്രസ്. നേതൃത്വം നൽകിയത് രാഹുൽ മങ്കൂട്ടത്തിൽ. സമാധാന ചർച്ചക്ക് പോലും കോൺഗ്രസ്സ് തയ്യാറാകുന്നില്ല. ബിജെപി പൊലീസ് വിളിച്ച സമാധാന ചർച്ചയിൽ പങ്കെടുക്കും.