തിരുവനന്തപുരം : കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിയേക്കും. ഇക്കാര്യം സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂണ്‍ 19 ന് മുമ്ബ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കണം. അതനുസരിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഏത് സമയത്തും വോട്ടെടുപ്പ് നടത്താന്‍ സജ്ജമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിച്ചത്. ഈ സാഹചര്യത്തില്‍ ഇലക്ഷന് നടത്തണോ, നടത്തണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചുമാത്രമേ തീരുമാനം എടുക്കുകയുള്ളൂ. ഇവിടത്തെ കൊറോണയുടെ കാര്യം പരിഗണിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടലെന്നും ടിക്കാറാം മീണ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ല. സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ തെരഞ്ഞെടുപ്പ് നടന്നിരിക്കണം. എന്നാല്‍ അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് കമ്മീഷന് നിര്‍ബന്ധം പിടിക്കുന്നില്ല.