കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാർ സഭയുടെ ആരോപണത്തെ തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാർ സഭാ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോർട്ട് വേണമെന്നാണ് ആവശ്യം.
ഇല്ലെങ്കിൽ കമ്മീഷൻ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകും. തീവ്രവാദ സംഘടനകൾ നടത്തുന്ന ലൗ ജിഹാദിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ കത്തില്‍ പറയുന്നു.
കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നായിരുന്നു സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്. കേരളത്തിൽ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.