കണ്ണൂര്‍: സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കാൻ ഒടുവിൽ വഴിയൊരുങ്ങുന്നു. കണ്ണൂരിൽ മണൽക്കടത്തിന് പിടികൂടിയ 400 വാഹനങ്ങൾ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. മാർച്ച് 30നകം മുഴുവൻ വാഹനങ്ങളും ലേലം ചെയ്ത് വിൽക്കും.
കഴിഞ്ഞ 20 വർഷമായി കെട്ടിക്കിടക്കുന്ന ലോറികളടക്കമുള്ള വാഹനങ്ങൾ പരിശോധിച്ച് വിലയിട്ട് നടപടികൾ പൂർത്തിയാക്കി. വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംഎസ്ടിസി കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഇ-ലേലം വഴിയാണ് വിൽപ്പന. ജില്ലാ കളക്ടറും എസ് പിയും നൽകിയ പ്രത്യേക നിർദേശ പ്രകാരം സബ് കളക്ടർക്കാണ് ചുമതല. പ്രത്യേക സംഘം രൂപീകരിച്ച് മാസങ്ങൾ നീളുന്ന ദൗത്യം വഴിയാണ് സ്റ്റേഷനുകളിൽ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ ഒടുവിൽ ഒഴിവാക്കുന്നത്. കണ്ണൂരിൽ മാത്രം ഇത്തരത്തില്‍ 1200 വാഹനങ്ങളുണ്ട്.