കഴക്കൂട്ടം: അര്‍ധരാത്രി മറ്റാരുമറിയാതെ അദ്ധ്യാപകന്റെ ബൈക്കുമെടുത്ത് ചുറ്റാനിറങ്ങിയ 14കാരന് അപകടത്തില്‍ ദാരുണാന്ത്യം. അറബിക്ക് കോളേജ് വിദ്യാര്‍ത്ഥിയും മംഗലപുരം മേല്‍തോന്നയ്ക്കല്‍ പാട്ടത്തിന് ദേശത്ത് പൊയ്കയില്‍ പള്ളിക്ക് സമീപം നിഖമത്ത് മന്‍സിലില്‍ സാബു- ജസീന ബീവി ദമ്ബതികളുടെ മകനുമായ സഹല്‍ സാബു (14) വാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരുക്കേറ്റിരുന്നു. തോന്നയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹല്‍ പിതാവ് വിദേശത്താണ്. സഹോദരി സാഹിറ തോന്നയ്ക്കല്‍ ബ്ളുമൗണ്ട് പബ്ളിക് സ്കൂളിലെ നാലാംക്ളാസ് വിദ്യാര്‍ത്ഥിനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊയ്കയില്‍ മുസ്ളിം ജമാഅത്തില്‍ കബറടക്കി.
കരുനാഗപ്പള്ളി പനയന്നാര്‍കാവ് സ്വദേശി ഹസ(15)നാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശാസ്തവട്ടത്തെ റോഡരുകിലെ പോസ്റ്റിലിടിച്ചാണ് അപകടം. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്.