പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന് നമ്പൂതിരി താക്കോല്‍ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറക്കും.
ദീപാരാധനയ്ക്കു ശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ 17ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും.
ഡിസംബര്‍ 27 വരെ പൂജകള്‍ ഉണ്ടാകും. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഇന്നലെ പമ്പയിലെത്തിയിരുന്നു. വെര്‍ച്ച്വല്‍ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം. തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കല്‍ മുതല്‍ മുതല്‍ സന്നിധാനം വരെ ആധുനിക സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.