രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും.മറ്റ് നേതാക്കളെല്ലാം ഫേസ്ബുക്കിൽ രാഹുലിൻ്റെ പടം പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിൻ പ്രതികരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം പരിഗണിച്ചിരുന്നത്.