കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെന്ഷന് നേരിട്ട് വാങ്ങാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് പെന്ഷന് തുക വീട്ടിലെത്തിച്ച് നല്‍കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന തദ്ദേശ അദാലത്തില്‍ അങ്കമാലി പീച്ചാനിക്കാട് ചിറക്കല്‍ വീട്ടില്‍ സി. ഒ വര്‍ഗീസിന്റെ പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അദാലത്തില്‍ പരിഗണിച്ച ആദ്യ പരാതി ആയിരുന്നു ഇത്.
67 കാരനായ വര്‍ഗീസ് ബാങ്ക് വഴി നിലവില്‍ ലഭിക്കുന്ന പെന്ഷന് തുക വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് ആക്കണം എന്ന് കാണിച്ച് അങ്കമാലി നഗരസഭയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിക്ക് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് തദ്ദേശ അദാലത്തിലേക്ക് എത്തിയത്. അദാലത്തിനെ കുറിച്ച് പത്രത്തില്‍ വായിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് അക്ഷയ വഴിയാണ് പരാതി സമര്‍പ്പിച്ചത്. വാര്‍ദ്ധക്യസഹജമായ അവശതകളും, കേള്‍വി ശക്തിക്ക് കുറവും നേരിടുന്ന വര്‍ഗീസിന് പെന്ഷന് തുക ബാങ്കിലെത്തി കൈപ്പറ്റുക എന്നത് ബുദ്ധിമുട്ടായിരുന്നു. പെന്ഷന് തുക, ഭാര്യ തയ്യല്‍ ജോലി ചെയ്തു കിട്ടുന്ന തുക എന്നിവയാണ് കുടുംബത്തിന്റെ വരുമാനം.
പരാതി പരിഹരിച്ചുകൊണ്ട് മന്ത്രി എം.ബി രാജേഷ് നേരിട്ട് ഉത്തരവ് കൈമാറി. ‘പെന്ഷന് തുക ഇനി വീട്ടില്‍ എത്തുന്നത് ഏറെ ആശ്വാസമാണെന്നും അദാലത്തില്‍ പരാതിക്ക് പരിഹാരമായതില്‍ സന്തോഷം ഉണ്ടെന്നും വര്‍ഗീസ് പറഞ്ഞു.