ഇടുക്കി: പുഴയോര കൈയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. രണ്ടാം തവണയും മൂന്നാറില്‍ പ്രളയമെത്തിയതോടെ പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്.
മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കൈയ്യേറ്റവുമാണ് മൂന്നാറില്‍ പ്രളയത്തിന് കാരണമാകുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്ശനങ്ങല് ഉയര്‍ന്നതോടെയാണ് നിയമം കര്‍ശനമാക്കാന്‍ സബ് കളക്ടര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.
മൂന്നാര്‍ ടൗണിലും പഴയ മൂന്നാറില്‍ പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന വിധത്തില്‍ നിര്‍മ്മാണം നടത്തിയവ പൊളിച്ചുനീക്കുമെന്ന് അവര്‍ പറഞ്ഞു. പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ ലിസ്റ്റുകള്‍ തയ്യറാക്കാന്‍ മൂന്നാര്‍ തഹസില്‍ദ്ദാരെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാകും നടപടികള്‍.
ചെറിയൊരു മഴയില്‍പ്പോലും മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധിക്യത കൈയ്യേറ്റം തന്നെയാണെന്നാണ് റവന്യുവകുപ്പിന്റെ കണ്ടെത്തല്‍. പലതിനും ഹൈക്കോടതില്‍ കേസ് നിലനില്‍ക്കുന്നവയുമാണ്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ജില്ലാ കളക്ടര്‍ക്ക് ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറുക.