കണ്ണൂര്‍ പാലത്തായില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. കേസില്‍ പോക്സോ വകുപ്പ് ചേര്‍ക്കാതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജനാണ് തലശ്ശേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നു വിമര്‍ശനത്തിനിടെ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോക്സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രംസമര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കേസന്വേ ഷിക്കുന്ന ഡിവൈ എസ്പി മധുസൂധനന് ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ അധ്യാപകന് ശാരീരികമായി ഉപദ്രവിച്ചത് കണ്ടെത്താനായെന്നും ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചു വരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.