തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന തിനിടെ യു.എ.ഇ അറ്റാഷെ റാഷിദ് സൽ സലാമി ഇന്ത്യ വിട്ടു. ഡല്‍ഹിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് അറ്റാഷെ യു.എ.ഇയിലേക്ക് പോയത്. യുഎഇ കോൺസുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്കായിരുന്നു. അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികള്‍ സരിതും സ്വപ്ന സുരേഷുമായും അറ്റാഷെ നിരന്തരം ബന്ധപ്പെട്ടിരുന്നു. കസ്റ്റംസ് പിടിച്ചുവെച്ച ബാഗേജ് വിട്ടുകിട്ടുന്നതിനായി സ്വപ്ന സുരേഷിനെ പല തവണ അറ്റാഷെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കുള്ള ബാഗജേില്‍ സ്വര്‍ണം വന്നതിനെക്കുറിച്ചറിയില്ലെന്നും ഈത്തപഴം, പാല്‍പ്പൊടി തുടങ്ങിയ സാധനങ്ങളാണ് അയക്കുവാനാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും അറ്റാഷെ പറയുന്നു. ഇതിനിടെ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ള കത്തും പുറത്തുവന്നിട്ടുണ്ട്.
സരിത്ത് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. തന്റെ പേരില്‍ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിന്റെ ഉള്ളടക്കം. കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്കി. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ഒപ്പിട്ടത് താനാണെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.