കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി തോപ്പിൽ ബിനോയ് തോമസിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി കെ.രാജൻ. നേരത്തെ സുരേഷ് ഗോപി വീടു നിര്‍മ്മിച്ചു നല്കാന് സന്നദ്ധത അറിയിച്ചിരുന്നു. ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും അറിയിച്ചു.സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.
ചാവക്കാട്ടെ വീട്ടിലെത്തി ബിനോയിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജന്. ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ബിനോയിയുടെ കുടുംബം കഴിയുന്നത്. സ്വന്തമായൊരു വീടെന്ന ആഗ്രഹം പൂർത്തീകരിക്കാനാണ് അപകടത്തിന് ഒരാഴ്ച മുമ്പ് ബിനോയ് കുവൈത്തിലേക്ക് പുറപ്പെട്ടത്.ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതി വഴി വീട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ ലൈഫ് പട്ടികയില്‍ ബിനോയിയുടെ കുടുംബത്തിന്റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി വീടനുവദിക്കാനാണ് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.മന്ത്രിയുടെ നിർദേശ പ്രകാരം 20-ന് നഗരസഭ ഈ വിഷയം മാത്രം അജണ്ടയാക്കി അടിയന്തിര കൗൺസിൽയോഗം ചേരും. കുടുംബത്തിന് വീടുവെച്ചുനൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചിരുന്നു.