തൃശൂര്‍: വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് അടക്കം ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഈ മാസം 24ന് തൃശൂരില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബസുകള്‍ സര്‍വീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നല്‍കുക, 140 കിലോമീറ്റര്‍ ദൂരപരിധിയുടെ പേരില്‍ കെഎസ്ആര്ടിസികള്ക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗത വകുപ്പിന്റെ സര്‍വീസ് പിടിച്ചെടുക്കുന്നതിനായുള്ള വിജ്ഞാപനം പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കണ്സഷന് നടപ്പിലാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറന്‍സ് ബാബു, സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നന്‍ ഭാരവാഹികളായ എം എസ് പ്രേംകുമാര്‍, കെ ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.