തിരുവനന്തപുരം : തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരം കോണ്‍ഗസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആശുപത്രി വിട്ടു. എട്ട് സ്റ്റിച്ചുകളോടെയാണ് തരൂര്‍ ആശുപത്രി വിടുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടതായി തരൂര്‍ പറഞ്ഞു.
ഇങ്ങനെയൊരു അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ല. അതിനാല്‍ അന്വേഷണം വേണം. ഡിസിസി പ്രസിഡന്റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട്. പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. ജീവിതത്തില്‍ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള എന്റെ അമ്മ പറഞ്ഞത്, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. എനിക്കല്ലെങ്കില്‍ നാളെ വേറെ ഒരാള്‍ക്ക് ഇങ്ങനെയൊരു അപകടം ഉണ്ടാകരുതല്ലോ എന്ന് തരൂര്‍ വ്യക്തമാക്കി.
വിശ്രമം വേണമെന്നു ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്ന തിനാല്‍ രണ്ട് ദിവസത്തേക്ക് പ്രചാരണപരിപാടികളില്‍ പങ്കെടുക്കില്ല. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കും.