തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ മാധ്യമപ്രവർത്തകൻ പൊലീസിൽ പരാതി നൽകി. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഇവർ ഇരുവരും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേരും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കടവിൽ റഷീദിനോട് മോശമായി പെരുമാറിയ ടിപി സെൻകുമാർ മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടകളുമായാണ് സെൻകുമാർ വാർത്താ സമ്മേളനത്തിന് എത്തിയതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
“അവർ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർക്കെതിരെ പൊലീസ് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.” “അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐകദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ട.” ഈ സംഭവത്തെ ഒരിക്കൽക്കൂടി അപലപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി.