അരൂർ: ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാപ്പ കേസിൽ പ്രതിയായിരുന്ന യുവാവിനെ സഹോദരൻ കുത്തികൊലപ്പെടുത്തി. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കരുനാട്ടിൽ മണിയൻ നായരുടെ മകൻ മഹേഷ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഗീരീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. കാപ്പ കേസിൽ പ്രതിയായിരുന്നു ഇയാൾ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
മഹേഷും ഗിരീഷും ഒരേ കോംപൗണ്ടിൽ തന്നെയുള്ള രണ്ട് വീടുകളിൽ ആണ് താമസിച്ചിരുന്നത്. മഹേഷ് ഉപയോഗിച്ചിരുന്ന ഒമിനി വാൻ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി രണ്ടുമണിയോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷ് ഗിരീഷിനെ നേരെ കുരുമുളക് സ്പ്രേ ചെയ്തതായും ഇരുവരും തമ്മിൽ സംഘർഷമുണ്ടായതായും സമീപവാസികൾ പറയുന്നു.
സംഘർഷത്തിനിടെ ഗിരീഷ് മഹേഷിന്റെ വയറിൽ കത്തിക്ക് കുത്തുകയായിരുന്നു. തുടർന്ന് ഗിരീഷും പിതാവും ചേർന്ന് മഹേഷിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ വഴി മരണം സംഭവിച്ചു. സംഭവത്തിൽ ചേർത്തല പൊലിസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു.