തിരുവനന്തപുരം: ഐ.എ.എസുകാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും ചെലവുകള്‍ക്ക് പരിധിയില്ലാതാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഐ.എ.എസ് കാരോട് ഉദാരസമീപനം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ബില്ലുകള്‍ നല്‍കിയാണ് ഇതുവരെ ഐ.എ.എസുകാര്‍ അലവന്‍സ് കൈപ്പറ്റിയിരുന്നത് അതില്‍ മാറ്റം വരുത്തും. ശമ്പളത്തോടൊപ്പം ഇനി അലവന്‍സും നല്‍കും. സീനിയോറിറ്റി അനുസരിച്ച് മൂവായിരം മുതല്‍ 12,000 രൂപ വരെയാണ് ഐ.എ.എസുകാരുടെ അലവന്‍സ്. ഔദ്യോഗിക വസതിയില്‍ സഹായികളെ നിര്‍ത്താന്‍ മൂവായിരം രൂപയാണ് ഇതുവരെ അനുവദിച്ചിരുന്നത്. അതു പരിധിയില്ലാതെയാക്കി. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിലവില്‍ ബില്ലിന്റെ 50 ശതമാനമാണ് നല്കി വരുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹന ഇന്ധനച്ചെലവും പരിധിയില്ലാതാക്കി. ഏഴാം ശമ്പള കമ്മിഷന് ശുപാര്‍ശയുടെ ഭാഗമായാണ് യാത്രാബത്ത വര്‍ധനയെന്നാണ് വിശദീകരണം.