തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്സോ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതേ വിട്ട കോടതിവിധി ഞെട്ടിച്ചെന്നും സതീശന് പ്രതികരിച്ചു.
പാര്‍ട്ടിയുമായി ബന്ധമുള്ള പ്രതിയെ രക്ഷപെടുത്താന്‍ പോലീസ് ഗൂഢാലോചന നടത്തി. പ്രാഥമിക തെളിവുകള്‍ പോലും അവര്‍ ശേഖരിച്ചില്ല. ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് തെളിവെടുപ്പ് നടത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വൈകിയാണ് സംഭവസ്ഥലത്ത് എത്തിയത്.ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് തയാറായില്ല.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ രക്ഷപെടുത്താന്‍ വേണ്ടി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം കേസ് അട്ടിമറിച്ചതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷപെടുത്താന്‍ നടത്തിയ ശ്രമമാണ് വാളയാറിലും വണ്ടിപ്പെരിയാറിലും കണ്ടത്.
സ്വന്തം ആളുകള്‍ എത്ര ക്രൂരകൃത്യം നടത്തിയാലും അവര്‍ക്കുവേണ്ടി സര്‍ക്കാരും പോലീസും എന്തും ചെയ്യുമെന്നതിന്റെ തെളിവാണിത്. കേസ് അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സഹായവും തങ്ങള്‍ ചെയ്യുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.