ആലപ്പുഴ: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ സംഭവിച്ചതെന്തെന്ന് ഗൗരവമായി പരിശോധിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ തന്നെ അപ്പീല്‍ പോകുന്നതുമായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ വന്നിട്ടുണ്ട്. അത് ഗൗരവമായി പരിശോധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിയുടെ അയല്‍വാസി അര്‍ജുനെ (24) കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതി വെറുതെ വിട്ടിരുന്നു.
കൊലപാതകം, മാനഭംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.പ്രതിക്ക് ശിക്ഷ ലഭിക്കത്തക്ക ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനും പോലീസിനു സാധിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുട്ടിയെ മൂന്നു വയസു മുതല്‍ അര്ജുനൻ നിരന്തരം പീഡിപ്പിക്കുകയും ആറാം വയസില്‍ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കുറ്റപത്രം സമര്‍പ്പിച്ച് രണ്ടര വര്‍ഷത്തിനു ശേഷമാണ് വിധി പറഞ്ഞത്. പ്രതിയെ വെറുതെ വിട്ടതിനു പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പോലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.