കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. 333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കം അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഓഗസ്റ്റ് 31 ന് രാവിലെയായിരുന്നു കേസിനാസ്പദമായ അക്രമം.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വിധി പറയാനിരിക്കെയാണ് പൊലീസിന്റെ നിര്‍ണായക നീക്കം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ അടക്കം അഞ്ച് പേരാണ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയത്.
ഡിവൈഎഫ്ഐക്കാരായ പ്രതികള്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലനില്‍ക്കുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്നും പ്രതികളുടെ അഭിഭാഷകരില്‍ നിന്നും തന്റെ കക്ഷിക്കും തനിക്കും ഭീഷണിയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വാദിഭാഗം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയുമാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി. സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന് തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.