മഹാത്മഗാന്ധിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരെ കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി. ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടിവി പങ്കുവെച്ചെന്നാണ് പരാതി.കേരള ഡിജിപിക്ക് കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് പരാതി നല്‍കിയത്. ജനം ടിവിയുടെ ശ്രമങ്ങൾക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലാപാഹ്വാന കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടികൾ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ജനം ടിവി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വിവാദ ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
പരാതിയുടെ പൂർണ രൂപം,
ബഹുമാനപ്പെട്ട സാർ,
നമ്മുടെ രാജ്യം 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവി എന്ന ചാനൽ.
ജനം ടിവി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ, അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. മഹാത്മാഗാന്ധിജിക്കെതിരായി വെടിയുതിർക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളിൽ സ്പർദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ ജനം ടിവി ചാനലിന്റെ ശ്രമങ്ങൾക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും, രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവർക്കെതിരെ കലാപ ആഹ്വാന കുറ്റം അടക്കം ചുമത്തി കേസ് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.