പുറത്തൂര്‍ (മലപ്പുറം): രാഷ്ട്രീയ സംഘര്‍ഷ മേഖലയായ കൂട്ടായി അരയന് കടപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് തീവെച്ചു. വീടിനകത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തില്‍ ഉറങ്ങിക്കിടന്ന മകള്‍ നിസല്‍ജ(16)ക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ പൊളളലേറ്റ നിസല്ജയെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ നിസല്‍ജ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഒരു മാസത്തെ സമാധാനാന്തരീക്ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും മലപ്പുറത്തെ തീരദേശത്ത് അശാന്തി പടര്‍ന്നിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ച ഒന്നിനായിരുന്നു സംഭവം.സി.പി.എം പ്രവര്ത്തകന് അരയന് കടപ്പുറം കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിനാണ് തീയിട്ടത്. സംഭവത്തില്‍ സൈനുദ്ദീന്റെ മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുറന്നിട്ടിരുന്ന ജനലിലൂടെ മുറിക്കകത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന് സൈനുദ്ദീന്‍ പറഞ്ഞു. നിസല്‍ജ കിടക്കാന്‍ വിരിച്ചിരുന്ന പായയില്‍ പടര്‍ന്ന തീ ദേഹത്തേക്ക് ആളിപ്പടരുകയായിരുന്നുവെന്നും, വയോധികയായ വല്യുമ്മക്ക് കൂട്ട് കിടന്നതായിരുന്നു നിസല്ജയെന്നും, എന്നാല്‍ കട്ടിലിലായിരുന്നതിനാലാണ് വല്ല്യുമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും, വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്ന്നേപ്പാള് വീട്ടുപരിസരത്ത് നിന്ന് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായും സൈനുദ്ദീന്‍ അറിയിച്ചു.
സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷം തുടര്‍ക്കഥയായിരുന്ന മേഖലയില്‍ സമാധാനം തിരിച്ചുവന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകനും സമാധാനസമിതി അംഗവുമാണ് സൈനുദ്ദീന്‍. കഴിഞ്ഞ മേയിലുണ്ടായ സംഘര്‍ഷത്തില്‍ ഇദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വീട്ടുസാമഗ്രികള്‍ തകര്‍ക്കുകയും ഭക്ഷണമുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.ആക്രമണത്തിന്റെ രാഷ്ട്രീയബന്ധം പൊലീസ് അന്വേഷിച്ചുവരികയാണ്്. സൈനുദ്ദീന്റെ വീട് മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശിച്ചു. ഇരുപാര്‍ട്ടി നേതാക്കളും ഉണ്ടാക്കിയ ചര്‍ച്ച തീരുമാനങ്ങള്‍ ലംഘിക്കുന്ന നടപടിയാണിതെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സമാധാനം നിലനിര്‍ത്താന്‍ മുസ്ലിം ലീഗിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.