പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ചുകൊണ്ടാണ് ജി സുധാകരൻ പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്.ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്.
പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികള്‍ എത്തിയില്ല. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലാണ് സുധാകരന്റെ ഇറങ്ങിപ്പോക്ക്.