വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഈ ഭാഗങ്ങളിൽ ഉള്ളവർ കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ കഴിയുന്നത്. രോഗം കണ്ടെത്തിയവരിൽ അഞ്ചുപേർ വിവിധ ആശുപത്രികളിൽ ഐസിയുവിൽ ആണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇപ്പോഴും ചികിൽസ തേടി പലരും ആശുപത്രികളിൽ എത്തുന്നതായാണ് വിവരം. രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകൻ അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.