തോട്ടം തൊഴിലാളി ഭവനപദ്ധതിക്കും അതിഥി തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ക്കും കേരളം കേന്ദ്രസഹായം തേടുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. സ്വന്തമായി വീടില്ലാത്ത എല്ലാ തോട്ടം തൊഴിലാളികള്‍ക്കും വീട് നിര്‍മ്മിച്ചുകൊടുക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലയിലും ആയിരം അതിഥി തൊഴിലാളികള്‍ക്കു വീതം താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴില്‍മേഖലയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രസര്‍ക്കാറിന് പ്രത്യേക പാക്കേജ് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അപ്നാഘര്‍ മാതൃകയിലാണ് പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുക. കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും അപ്നാഘര്‍ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിനെ ചുമതലപ്പെടുത്തി. അപ്നാഘര്‍ പദ്ധതിക്ക് നേരത്തേ കേന്ദ്രസഹായം അഭ്യര്‍ഥിച്ചിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് 19 സഹായപാക്കേജ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലും പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കുന്നതിന് കേന്ദ്രസഹായം തേടുന്നത്. സംസ്ഥാനത്തെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടക്കം എല്ലാ അതിഥിതൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് തൊഴില്‍വകുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ കേരളം മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചത്. പല സംസ്ഥാനങ്ങളും കേരളത്തെ നന്ദി അറിയിക്കുകയുണ്ടായി.
കേരള അക്കാദമി േഫാര്‍ സ്കില്‍സ് എക്സലന്‍സ് രൂപം നല്കിയ സ്കില്‍ രജിസ്ട്രിയുടെ സേവനം വിപുലപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. കോവിഡ് 19 തൊഴില്‍മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ സ്കില്‍ രജിസ്ട്രി ഏറെ പ്രയോജനപ്രദമാകും. ഇലക്ട്രിക്കല്‍, പ്ലബ്ബിംഗ്, ഗാര്‍ഹികാവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കാന്‍ സ്കില്‍ രജിസ്ട്രി സഹായകമാകും. ഹോം നഴ്സിംഗ്, പാലിയേറ്റീവ് പരിചരണമേഖലകള് സ്കില്‍ രജിസ്ട്രിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തി.
ഇഎസ്ഐ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ വേതനനഷ്ടം പരിഹരിക്കുന്നതിന് ഇഎസ്ഐ കോര്പറേഷന് മുഖേന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇഎസ്ഐ, ഇപിഎഫ് വിഹിതം നാലുമാസത്തേക്കെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. ഒരു രാജ്യം ഒരു കൂലി എന്ന കേന്ദ്രപ്രഖ്യാപനം അപ്രായോഗികമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ജോലി സമയം 12 മണിക്കൂര്‍ ആക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അംഗീകരിക്കില്ല. തൊഴിലും തൊഴിലാളികളുടെ സംരക്ഷണവും ഉറപ്പുവരുത്തുകയാണ് പ്രധാനം.
കയര്‍,കൈത്തറി, ഖാദി, ഈറ്റ-കാട്ടുവള്ളി-തഴ മേഖലകളില്‍ നടപ്പാക്കിയിട്ടുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീം മാതൃകയില്‍ കൂടുതല്‍ മേഖലകളില്‍ സഹായപദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസഹായം അഭ്യര്‍ഥിക്കും. സ്്ത്രീകള്‍ക്ക് രാത്രിയിലും ജോലിചെയ്യുന്നതിന് അവസരം നല്കി ഷോപ്സ് ആന്റ് അദര്‍ കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ ചുവടു പിടിച്ച് ഫാക്ടറീസ് നിയമത്തിലും ആവശ്യമായ ഭേദഗതി വരുത്തും. ഇതിനാവശ്യമായ നടപടികള്‍ കൈക്കാള്ളാന്‍ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് ഡയറ്ക്ടറെ ചുമതലപ്പെടുത്തി. നിലവിലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയില്‍ വകുപ്പിന്റെ പ്രായോഗിക ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.