തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കാനറാ ബാങ്ക്. ചന്ദ്രന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ചട്ടത്തിനപ്പുറം തിരിച്ചടവിനു സാവകാശം നല്‍കിയെന്നും കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പി ചിറ്റാറ്റുകുളം വ്യക്തമാക്കുന്നു.
എന്നാല്‍ എല്ലാ വശവും നോക്കാതെ ബാങ്കിനെതിരെ തീര്‍പ്പ് കല്പിച്ചു. ചന്ദ്രന്റെ കുടുംബത്തിന് ഇനിയും ഇളവ് നല്കാന് തയ്യാറാണെന്നും സീനിയര്‍ മാനേജര്‍ വ്യക്തമാക്കി. പ്രതിഷേധമുണ്ടാകും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്ന് തുറന്നിരുന്നില്ല.
അതേസമയം അമ്മയും മകളും ആത്മഹത്യ ചെയ്തതോടെ ബാങ്കിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയാണ് നെയ്യാറ്റിന്‍കരയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാനറാ ബാങ്ക് ആക്രമിച്ചു. തിരുവനന്തപുരത്തെ കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.