കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ പിടിയിലായ യൂണിയന് ജനറല്‍ സെക്രട്ടറി അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. പോളിടെക്നിക്ക് എസ്എഫ്ഐ യൂണിറ്റിന്റേതാണ് തീരുമാനം. പിടിയിലായ ഷാലിക്ക് കെഎസ്യു പ്രവര്ത്തകന് ആണെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ടക്ക് ആധാരം പ്രിന്‍സിപ്പല്‍ ഐജു തോമസ് നല്കിയ പരാതിയെന്നതും പുറത്ത് വന്നു. പന്ത്രണ്ടാം തീയതിയാണ് ഡിസിപിക്ക് പരാതി നല്‍കിയത്. പതിനാലാം തീയതി കോളജ് നടത്തുന്ന ഹോളി ആഘോഷത്തിലേക്ക് മദ്യവും മയക്കുമരുന്നും എത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പള്‍ ഡിസിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പൊലീസ് പരിശോധനയും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.
പോളിടെക്നിക് ഹോസ്റ്റലില്‍ മുന്‍പും വ്യാപകമായി മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തുടര്‍ പരിശോധനകള്‍ക്കും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളുടെ ഡിമാന്‍ഡ് അനുസരിച്ചാണ് പുറത്തുനിന്ന് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.