നഴ്സിങ് സമരങ്ങളുടെ മുന്നില്‍ നഴ്സുമാർക്ക് താങ്ങും തണലുമായി നിന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പിളർപ്പിലേക്ക്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് കഴിഞ്ഞദിവസം പുറത്താക്കിയ സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘടനാ ഭാരവാഹികളും തമ്മിലുള്ള പടലപ്പിണക്കങ്ങൾ ആണ് നഴ്സിംഗ് മേഖലയിലെ ഏറ്റവും വലിയ സംഘടനയിൽ പൊട്ടിത്തെറിക്ക് കാരണമായത്.
പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നഴ്സിംഗ് സമൂഹത്തിൽ നിന്ന് പിരിച്ചെടുത്ത തുകയെ ചൊല്ലിയാണ് യു എൻ എ യിൽ തർക്കം രൂക്ഷമായത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം സംഘടന നിന്ന് പുറത്താക്കിയ മുൻ വൈസ് പ്രസിഡണ്ട് സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
അതേസമയം ഇത് ഇതുവരെ പണം അടച്ചിട്ടില്ല അടച്ചിട്ടില്ലെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ സ്വകാര്യ ചാനൽ ചർച്ചയിൽ പുറങ്ങൾ പറഞ്ഞു. പിരിച്ചെടുത്ത തുക അടച്ചുവോ എന്ന് ചർച്ചക്കിടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ജാസ്മിൻ ഷായോട് ചോദിച്ചത്. എന്നാൽ ഏറെനേരം ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ജാസ്മിൻ ഷാ ഉരുണ്ടുകളിക്കുകയായിരുന്നു. ചർച്ച നയിച്ച വ്യക്തികൾ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് പണം ഇതുവരെ അടച്ചിട്ടില്ലെന്ന് ജാസ്മിൻ ഷാ സമ്മതിച്ചത്.
പണം അടയ്കകാതിരുന്നതിന് ജാസ്മിൻ ഷാ നൽകിയ വിശദീകരണവും വിചിത്രമായിരുന്നു. യുഎൻഎ സംസ്ഥാന സമ്മേളനത്തിലാണ് പണം കൈമാറാൻ നിശ്ചയിച്ചത്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയെ കൊണ്ടുവന്ന് പണം കൈമാറാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മലാല യൂസഫ് സായിക്ക് ഇന്ത്യയിലെത്താൻ കേന്ദ്രസർക്കാർ അനുമതിയും നൽകിയില്ല. അതോടെ സമ്മേളനം നീട്ടിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് പ്രളയദുരിതാശ്വാസം കൈമാറാനായില്ല!
എത്ര പണമാണ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തുള്ള മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്നും പിരിച്ചെടുത്തത് എന്നതിനും വ്യക്തമായ ഉത്തരമില്ലായിരുന്നു. 11 ലക്ഷം രൂപയാണ് കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ജാസ്മിൻ ഷാ പറഞ്ഞപ്പോൾ 28 ലക്ഷം രൂപയെന്ന് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കുന്ന യുഎൻഎ നേതാവ് സിബി മുകേഷ് തിരുത്തി.
കടുത്ത അഴിമതി, കണക്കു പറയിക്കും ഡിവൈഎഫ്ഐ
പ്രളയദുരിതാശ്വാസത്തിനായി പിരിച്ച പണത്തിൽ യുഎൻഎ നേതൃത്വം കടുത്ത അഴിമതിയാണ് കാണിച്ചിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പ്രതികരിച്ചു. ദുരിതാശ്വാസത്തിനായി പിരിച്ച ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിൽ സൂക്ഷിച്ചാൽ അതിന്റെ പലിശ ആരെടുക്കുമെന്ന് ആയിരുന്നു റഹീമിന്റെ ചോദ്യം. കടുത്ത അഴിമതി ഇതിന് പിന്നിലുണ്ടെന്നും ഡിവൈഎഫ്ഐ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയാണെന്നും എ എ റഹീം പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം സ്വന്തം അധ്വാനത്തിൽ നിന്ന് നീക്കിവച്ച പൊതുപണത്തിന് കേരള സമൂഹത്തോട് യുഎൻഎ ഉത്തരവാദിത്തം പറയേണ്ടിവരും. അണാ പൈ വ്യത്യാസമില്ലാതെ ഈ പണത്തിന് യുഎൻഎ നേതൃത്വം കണക്കു പറയേണ്ടിവരുമെന്നും റഹീം പറഞ്ഞു.
ഏത് അന്വേഷണവും നേരിടാൻ സംഘടന തയ്യാർ : ജാസ്മിൻ ഷാ
ഏത് അന്വേഷണവും നേരിടാൻ സംഘടന തയ്യാറാണെന്നും വരവ് ചെലവ് കണക്കുകൾ കൃത്യമാണ് എന്നുമായിരുന്നു ജാസ്മിൻ ഷായുടെ ആവർത്തിച്ചുള്ള മറുപടി.
നഴ്സുമാരുടെ സംഘടനയായ യുണെറ്റഡ് നഴ്സ് അസോസിയേഷന് ഭാരവാഹികള്‍ മൂന്നരകോടി രൂപ തട്ടിയെടുത്തതായി എന്നാണ് പരാതി. നഴ്സുമാരില്‍ നിന്ന് പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായി മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. .