ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. 8 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്.
കോഴ ഇടപാടില്‍ ശിവശങ്കരന്റെ പങ്കില്‍ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന് കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. തന്റെ പേരില്‍ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കര്‍ മൊഴി നല്കി.
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉള്‍പ്പെടെ എം ശിവശങ്കറിന് എതിരായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന് കോഴയുടെ പങ്കുപറ്റി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് എന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. നടപടി.