കോഴിക്കോട്; ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചു. കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്.
പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നല്കാന് വീട്ടമ്മയോട് ഇവര്‍ ആവശ്യപ്പെട്ടു, കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലൈ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.