നിയമങ്ങൾ കാറ്റിൽ പറത്തി കൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ കാവനാട് സാൻ ബാറിൽ പരിശോധന. എക്സൈസും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സാൻ ബാറിലെ അനധികൃത മദ്യവിൽപന സംബന്ധിച്ച വാർത്ത ട്വന്റി ഫോർ പുറത്ത് വിട്ടതിന് പിന്നാലെയാണ് പരിശോധന.
സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളിൽ മദ്യ വിൽപ്പനയ്ക്ക് അനുമതി ഉള്ളത്. എന്നാൽ കൊല്ലം കാവനാട് പ്രവർത്തിക്കുന്ന സാൻ ബാറിൽ രാവിലെ 9 മണി മുതൽ മദ്യ വിതരണം ആരംഭിക്കുo. ഉടമയുടെ സാന്നിധ്യത്തിലാണ് ഈ അനധികൃത മദ്യകച്ചവടം. പാഴ്സലായും മദ്യം ഇവിടെ നിന്ന് യഥേഷ്ടം ലഭിക്കും. ശക്തികുളങ്ങര പൊലീസിൻ്റെ കണ്ണിന് മുന്നിലാണ് ഈ കച്ചവടമെല്ലാം നടക്കുന്നത്. പ്രധാന കവാടം വഴി ആളെ കയറ്റി വിട്ടാണ് മദ്യ വിൽപന.