പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന കേന്ദ്ര തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് കേരളം വീണ്ടും ആവശ്യപ്പെടും. പാര്‍ലമെന്റിന് മുന്നില്‍ കേരള എം.പിമാര്‍ പ്രതിഷേധിച്ചു. ദുരന്തമുഖത്ത് വിവേചനം പാടില്ലെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു
വ്യോമസേനയുടെ സഹായങ്ങള്‍ ബില്ലു ചെയ്യുക സാധാരണ നടപടിയെന്നും, വിഷയം ചര്‍ച്ചയാകുന്നത് വീഴ്ച മറയ്ക്കാനുള്ള സിപിഐഎം ശ്രമമാണെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് കുറ്റപ്പെടുത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി.
2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ കത്ത് നല്‍കിയത്.കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധമെന്നും പണം നല്കാന് കഴിയാത്തതിന്റെ സാഹചര്യം വിശദീകരിച്ച് കേന്ദ്രത്തിന് മറുപടി കത്ത് അയയ്ക്കുമെന്നും റവന്യൂമന്ത്രി കെ.രാജന് പറഞ്ഞു.
വയനാട് ദുരന്ത പാക്കേജ് തരാതെ കേന്ദ്രം പണം ചോദിക്കുന്നത് കേരളത്തെ പരിഹസിക്കുന്നതിനു തുല്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചു. അതേസമയം കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ തുക അടക്കാതെ വേറെ പോംവഴികള്‍ ഉണ്ടാകില്ല. എസ്.ഡി.ആര്.എഫില്‍ നിന്ന് പണം അടച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും.