കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്കി. വിദഗ്ധ പരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. നിയമ നടപടികള്‍ നീണ്ടുപോയാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി പാലം തുറക്കുന്നതു വൈകും. ഇത് കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരപരിശോധന നടത്താതെ അറ്റകുറ്റപ്പണികള്‍ നടത്തരുതെന്നും മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തണമെന്നുമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഇതോടെ അടച്ചിട്ട പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വൈകുകയാണ്.