നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. എറണാകുളം ചീഫ് ജസ്റ്റിസിൻ്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.