ഉത്രാട പാച്ചിലിനിടെ കേരളത്തിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. എറണാകുളം ഉൾപ്പടെ ആറ് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് 1 മണിക്ക് ശേഷം പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കേരളം ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെയും തലസ്ഥാനത്ത് മഴ പെയ്തു. എന്നാൽ ഇന്ന് ഒരു പ്രദേശത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് നൽകിയിട്ടില്ലെന്നത് സന്തോഷകരമാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/09/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
14/09/2024 മുതൽ 18/09/2024: തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
14/09/2024 & 15/09/2024: ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.