മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഇപി പ്രതികരിച്ചു. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്റെ പ്രതികരണം.
‘കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹം ഡൽഹിയിൽ വരുന്നുണ്ടെങ്കിൽ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. ഇന്നത്തെ പ്രശ്നവും ചർച്ചയും യെച്ചൂരിയുടെ വിടവാങ്ങലാണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് സംസാരിക്കാം,’ ഇ പി ജയരാജൻ പറഞ്ഞു.