ആലുവ പുക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്.
ഡോക്ടര്‍ക്കു മര്‍ദനമേറ്റ് പത്തു ദിവസം പിന്നിട്ട ശേഷം ഇന്നലെ രാത്രി ഇയാള്‍ പൊലീസിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
മൂന്നാം തീയതി ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പ്രതി ഭാര്യയും ഒമ്പതു വയസുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു.
കൊവിഡ് രോഗ ബാധിതയായ യുവതി ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറു വേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്.