തൃശ്ശൂര്‍: പൊള്ളാച്ചിയിലേക്കുപോയ കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍. പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബസിന്റെ ബാറ്ററി മോഷ്ടിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ പരാതി സ്വീകരിക്കാന്‍ തമിഴ്നാട് പോലീസ് തയ്യാറായുമില്ല. ഇതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ ബസുമായി പൊള്ളാച്ചിയില്‍ കുടുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ ജി. സജിത്തും കണ്ടക്ടര്‍ ഇ.പി. ഗിരീഷും. ഇവരോടൊപ്പം കെ.എസ്.ആര്.ടി.സി.യുടെ ചിറ്റൂര്‍ ഡിപ്പോയിലുള്ള ഇന്‍സ്പെക്ടറുമുണ്ട്. ബസ് തടഞ്ഞതില്‍ മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്.
ഒരു ദിവസത്തിലധികമായി ഉന്നതതലത്തില്‍നിന്ന് ഇടപെടലും കാത്ത് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ പെരുവഴിയില്‍ ബുദ്ധിമുട്ടുകയാണ്.
വെള്ളിയാഴ്ച രാവിലെ 6.15-ന് തൃശ്ശൂര്‍ ഡിപ്പോയില്‍നിന്ന് പോയ കെ.എല്‍. 15 എ 527 നമ്പര്‍ ബസ് നെന്മാറ കഴിഞ്ഞപ്പോള്‍ മുതല്‍ തൃശ്ശൂര്‍ പൊള്ളാച്ചി റൂട്ടിലെ കെ.പി.ടി.-എന്‍.പി.ടി. സര്‍വീസിന്റെ സ്വകാര്യ ബസ് തടസ്സം സൃഷ്ടിച്ചിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. കെ.എല്‍- 9 എ.ഡി. 1588 എന്ന കേരള രജിസ്ട്രേഷന് നമ്പറിലുള്ള സ്വകാര്യ ബസാണ് തടസ്സം സൃഷ്ടിച്ചത്. രാവിലെ ആറിന് തൃശ്ശൂരില്‍നിന്ന് പുറപ്പെടേണ്ട സ്വകാര്യ ബസ് കുറച്ചുകാലമായി വടക്കഞ്ചേരിയില്നിന്നാണ് പുറപ്പെടുന്നത്. സമയത്തെച്ചൊല്ലി തര്‍ക്കവും പതിവാണ്.
ഗോവിന്ദാപുരം കഴിഞ്ഞപ്പോള്‍ മുന്നില്‍പ്പോയ സ്വകാര്യ ബസ് പെട്ടെന്ന് റോഡിനു നടുവില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തിയതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യിലെ യാത്രക്കാരുമായി തര്‍ക്കമുണ്ടായി. പിന്നീട് പൊള്ളാച്ചി സ്റ്റാന്‍ഡിലെത്തിയ ഉടന്‍ രണ്ട് ബൈക്കുകളും സ്വകാര്യബസും മുന്നിലും പിറകിലും നിര്‍ത്തിയിട്ട് കെ.എസ്.ആര്.ടി.സി.യെ വളഞ്ഞു. ഇതിനിടെ കെ.എസ്.ആര്.ടി.സി. മറ്റേതോ വാഹനത്തില്‍ തട്ടിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ആനമല സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പോലീസുകാരനെത്തി.
ബസ് തടഞ്ഞ പരാതി പൊള്ളാച്ചി വെസ്റ്റ് സ്റ്റേഷനില്‍ നല്‍കിയിട്ട് എത്താമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഈ പോലീസുകാരനൊപ്പം വെസ്റ്റ് സ്റ്റേഷനിലെത്തിയ ജീവനക്കാര്‍ പരാതി ഇംഗ്ലീഷില്‍ നല്കിയപ്പോള് തമിഴില്‍ വേണമെന്നായി. തുടര്‍ന്ന് ചിറ്റൂര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ഇന്‍സ്പെക്ടറെത്തി തമിഴില്‍ പരാതി തയ്യാറാക്കി. എന്നാല്‍, വൈകീട്ട് 5.30 വരെ സ്റ്റേഷനില്‍ ഇരുത്തിയശേഷമാണ് പരാതി സ്വീകരിച്ചതെന്ന് കണ്ടക്ടര്‍ ഗിരീഷ് പറയുന്നു.
പരാതി സ്വീകരിച്ച് രസീത് വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് ബസിലെ ബാറ്ററി മോഷ്ടിച്ചതറിഞ്ഞത്. രണ്ടു പേര് അഴിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്ന് സമീപത്തെ കരിമ്പുജ്യൂസ് കച്ചവടക്കാരന് അറിയിച്ചു. വീണ്ടും പരാതി നല്കാന് ശ്രമിച്ചപ്പോള്‍ പൊള്ളാച്ചി ഈസ്റ്റില്‍ പോകാനായിരുന്നു നിര്‍ദേശം. ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലം ഈസ്റ്റ് സ്റ്റേഷന് പരിധിയിലാണെന്നായിരുന്നു ഇത്തവണത്തെ വാദം. ഈസ്റ്റില്‍ ചെന്നെങ്കിലും അവിടെയും പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് എസ്.പി.യെ സമീപിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടുവരെ നടപടിയുണ്ടായില്ല.