പെണ്മക്കള്ക്ക് ഭര്‍തൃവീട്ടില്‍ ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ ഇറങ്ങി പോരാനാണ് മാതാപിതാക്കള്‍ പറയേണ്ടതെന്ന് ഡോക്ടര്‍ ഷിംന അസീസ്. ഭര്‍തൃവീട്ടില്‍ പന്തുതട്ടാന്‍ പെണ്മക്കളെ ഇട്ടുകൊടുക്കരുത്. പെണ്മക്കള് ആത്മഹത്യ ചെയ്താല്‍ അമ്മമാര്‍ സ്ഥിരമായി പറയുന്നതാണ് എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല, അവന് കൊന്നതാണേ തുടങ്ങിയ വിലാപങ്ങളെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയും മോഡലുമായ ഷഹനയുടെ മരണത്തെ സൂചിപ്പിച്ചു കൊണ്ടാണ് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അഭിമാനവും ആകാശവും ഒന്നിച്ച് ഇടിഞ്ഞ് വീഴാനൊന്നും പോണില്ല. കൂടിപ്പോയാല്‍ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ് ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച് വല്ലതും പറഞ്ഞുണ്ടാക്കും. അത് നുണയാണെന്ന് നാല് ദിവസം കഴിയുമ്പോള്‍ എല്ലാര്ക്കും തിരിഞ്ഞോളും. അത്ര തന്നെ.
മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹ മോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര്‍ തിരിച്ച് വരില്ല, ഡോ. ഷിംന കുറിച്ചു.
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നും കണ്ടു ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ‘എന്റെ മോള് ആത്മഹത്യ ചെയ്യില്ല… അവന് കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ട്, മകള്‍ പരാതി പറഞ്ഞിട്ടുണ്ട് തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും…
അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്യാണ്, പെണ്മക്കള്ക്ക് ഒത്ത് പോവാന്‍ കഴിയാത്ത ബന്ധമാണെന്ന് പറഞ്ഞാല്‍ പിന്നെ ‘ഇന്ന് ശര്യാവും, മറ്റന്നാള്‍ നേരെയാവും’ എന്ന് പറഞ്ഞ് ആ കുട്ടിയെ അവന് അവന്റെ വീട്ടില്‍ പന്തുതട്ടാന്‍ ഇട്ടു കൊടുക്കുന്നതെന്തിനാണ്..! ഇറങ്ങിപ്പോരാന്‍ പറഞ്ഞേക്കണം.
ഇനി അഥവാ മകളായിട്ട് ആ ജീവിതത്തില്‍ നിന്നും ഇറങ്ങി വന്നാല്‍ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേര്‍ത്ത് പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നില്‍ക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച് ഇടിഞ്ഞ് വീഴാനൊന്നും പോണില്ല. കൂടിപ്പോയാല്‍ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ് ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച് വല്ലതും പറഞ്ഞുണ്ടാക്കും. അത് നുണയാണെന്ന് നാല് ദിവസം കഴിയുമ്പോള്‍ എല്ലാര്ക്കും തിരിഞ്ഞോളും. അത്ര തന്നെ.
മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര്‍ തിരിച്ച് വരില്ല.
മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്‍ത്തൊടുക്കുന്നത്.