എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടി വി പ്രശാന്തന് മൊഴി നല്കി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇന്ന് മൊഴിയെടുപ്പിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഡിഎമ്മിന്റെ മരണ ശേഷണാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. അതിലെ വൈരുദ്ധ്യങ്ങളുലൂടെ പരാതി വ്യാജമാണെന്ന് പിന്നീട് മനസിലായി. പേരിലെയും ഒപ്പിലെയുമൊക്കെ വൈരുദ്ധ്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എഡിഎം ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പ് പുറത്തുവന്നിരുന്നു. ഇതില്‍നിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളതെന്നാണ് വ്യക്തമായത്. പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും പേരും നേരത്തേ പുറത്തു വന്നിരുന്നു. പാട്ടക്കരാര്‍, എന്‍ഒസി അപേക്ഷ, എന്‍ഒസി കൈപ്പറ്റിയുള്ള രസീത്, ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജിലെ റജിസ്റ്റര്‍ എന്നിവയിലെല്ലാം ഒരേ ഒപ്പാണ്. പേര് പ്രശാന്ത് എന്നും. എന്നാല്‍, മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതിയില്‍ പേര് പ്രശാന്തന് എന്നാണ്. ഇക്കാര്യത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പ്രശാന്തിന്റെ പ്രതികരണം.