സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടിയിലധികം രൂപ വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടിലെ കോഴയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സ്വപ്ന ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ബാങ്ക് രേഖകളും പരിശോധിച്ച ശേഷമാണ് എന്‍ഐഎ കണ്ടെത്തല്‍ തള്ളിയുള്ള വിജിലന്‍സ് നിഗമനം. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളിലെ തുകയെന്ന എന്‍ഐഎ വാദം തള്ളുന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
കോണ്‍സുലേറ്റ് ജനറലിന് കോഴ ലഭിച്ചെന്നും എം ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും സ്വപ്ന വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനായ 4 കോടി 20 ലക്ഷത്തില്‍ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൌരന് ഖാലിദിന് 3 കോടി 80 ലക്ഷം രൂപയാണ് ആദ്യം കൈമാറുന്നത്. ഓഗസ്റ്റ് രണ്ടിനായിരുന്നു പണം കൈമാറിയത്. 2 ദിവസത്തിനിടെ പരമാവധി തുക ഖാലിദ് ഡോളറാക്കി മാറ്റി.